ഡൽഹി: പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി നിരോധിച്ചു കൊണ്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി തിരുത്തി. ദീപാവലി, കാളി പൂജ, ഗുരു നാനാക്ക് ജയന്തി, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ ആഘോഷങ്ങൾക്ക് പശ്ചിമ ബംഗാളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി നിരോധിച്ചു കൊണ്ട് കൽക്കട്ട ഹൈക്കോടതി ഒക്ടോബർ 29ന് വിധി പ്രസ്താവിച്ചിരുന്നു. എണ്ണയോ മെഴുകോ ഉപയോഗിച്ചുള്ള ദീപങ്ങൾ മാത്രം ഉപയോഗിച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
സുപ്രീം കോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും അനുവദിച്ചിട്ടുള്ള ഹരിത പടക്കങ്ങൾ പോലും അനുവദിക്കില്ലെന്നായിരുന്നു ഉത്തരവ്. ഇതാണ് സുപ്രീം കോടതി തിരുത്തിയിരിക്കുന്നത്. കടകളിൽ വിൽക്കുന്നത് ഹരിത പടക്കങ്ങളാണോ എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളില്ലാത്തത് കാരണമാണ് പടക്കങ്ങൾ പൂർണ്ണമായി നിരോധിക്കാൻ ഉത്തരവിട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പടക്ക നിർമ്മാതാക്കൾ നൽകിയ ഹർജി പരിഗണിക്കവെ, ഹൈക്കോടതിയുടെ ഈ നടപടി വസ്തുതാപരമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അനുവദനീയമായ പടക്കങ്ങൾ തിരിച്ചറിയുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ സർക്കാരും അറിയിച്ചിരുന്നു. എന്നാൽ സമ്പൂർണ്ണ നിരോധനം സാധ്യമല്ലെന്നും കോടതി ഉത്തരവുകൾ പാലിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Discussion about this post