ഡൽഹി: കേദാർനാഥിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് തലവനുമായ എച്ച് ഡി ദേവഗൗഡ. ആദി ശങ്കരാചര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തതിനെയും ദേവഗൗഡ പ്രശംസിച്ചു.
പ്രതിമ പണികഴിപ്പിച്ച മൈസൂരു സ്വദേശിയായ അരുൺ യോഗിരാജിനെയും ദേവഗൗഡ അഭിനന്ദിച്ചു. വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മാർത്ഥത ആദരണീയമാണെന്ന് ദേവഗൗഡ പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.
താൻ ആദിശങ്കരാചാര്യരുടെ ആരാധകനാണെന്നും ശൃംഗേരി ശാരദാ പീഠത്തിലെ പതിവ് സന്ദർശകനാണെന്നും ദേവഗൗഡ പറഞ്ഞു. പല രാജാക്കന്മാർക്കും സാമ്രാജ്യങ്ങൾക്കും ആത്മീയ മാർഗദീപമായിരുന്നു ശൃംഗേരിയെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ട് അടി ഉയരവും ഇരുപത്തിയെട്ട് ടൺ ഭാരവുമുള്ള ശങ്കരാചാര്യ പ്രതിമയാണ് കഴിഞ്ഞ ദിവസം കേദാർനാഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ഒൻപത് മാസത്തെ തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ശില്പം പൂർത്തിയായത്. 2013ലെ പ്രളയത്തിൽ നശിച്ചു പോയ ശില്പമാണ് ഇപ്പോൾ പുനർനിർമ്മിച്ചിരിക്കുന്നത്.
Discussion about this post