കബൂൾ: അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ. താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരക്കണക്കിന് അഫ്ഗാനികളാണെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ടവരാണ് രാജ്യത്ത് നിന്നും കൂട്ടത്തോടെ പലായനം ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്നും പ്രതിദിനം അയ്യായിരത്തോളം പേരാണ് ഇറാനിലേക്ക് കടക്കുന്നത്. ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നും നോർവീജിയൻ അഭയാർത്ഥി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു. താലിബാൻ ഭരണം ആരംഭിച്ച ശേഷം ഏകദേശം മൂന്ന് ലക്ഷത്തോളം അഫ്ഗാൻ സ്വദേശികൾ ഇറാനിലെത്തിയതായാണ് കണക്ക്.
അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹം ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനുള്ള അന്താരാഷ്ട്ര സഹായം ഇല്ലാതായതും അഫ്ഗാൻ ദേശീയ ബാങ്കിന്റെ ആസ്തികൾ മരവിപ്പിച്ചതും രാജ്യത്തെ ജനങ്ങളെ ഏറെക്കുറെ പാപ്പരാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാൻ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ 2015ൽ യൂറോപ്പിനെ പിടിച്ച് കുലുക്കിയ സിറിയൻ അഭയാർത്ഥി പ്രവാഹത്തിന് സമാനമായ അവസ്ഥ ഇറാനിൽ സംജാതമാകുമെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു. അഫ്ഗാൻ ജനതയെ സഹായിക്കാൻ ലോകരാജ്യങ്ങൾ സന്നദ്ധമാകണമെന്നും അവർ അഭ്യർത്ഥിക്കുന്നു.












