സിഡ്നി: ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍. ലൈംഗിക വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് മുപ്പത്താറുകാരനായ ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. നാലു വർഷം മുൻപ് സഹപ്രവർത്തകയായിരുന്ന സ്ത്രീക്ക് പെയ്ൻ തന്റെ നഗ്ന ചിത്രങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും അയച്ചെന്നാണ് ആരോപണം.
രാജിക്കാര്യം പ്രഖ്യാപിക്കാൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയ പെയ്ൻ കണ്ണീരോടെയാണ് സംസാരിച്ചത്. നായകസ്ഥാനം ഒഴിയുമെങ്കിലും ടീമിന്റെ ഭാഗമായി തുടരുമെന്നും പെയ്ൻ സ്ഥിരീകരിച്ചു. ഹൊബാര്‍ട്ടില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് പെയ്ന്‍ തന്റെ രാജിക്കാര്യം അറിയിച്ചത്.
പെയിന്റെ വാക്കുകൾ :
‘ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പക്ഷേ, എനിക്കും കുടുംബത്തിനും ഓസ്ട്രേലിയൻ ക്രിക്കറ്റിനും ഇത് അത്യാവശ്യമാണ്.
ഏതാണ്ട് നാലു വർഷം മുൻപാണ് എന്റെ സഹപ്രവർത്തകയ്ക്ക് മേൽപ്പറഞ്ഞ സന്ദേശങ്ങൾ ഞാൻ അയച്ചത്. അന്ന് തന്നെ ആ വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ വിശദമായ അന്വേഷണം നടത്തിയതാണ്. ആ അന്വേഷണത്തോട് ഞാൻ പൂർണമായും സഹകരിച്ചതുമാണ്. ഓസീസ് ബോർഡിനു പുറമെ ടാസ്മാനിയ എച്ച്ആർ വിഭാഗം നടത്തിയ അന്വേഷണത്തിലും ഞാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.
അന്ന് എന്നെ കുറ്റവിമുക്തനാക്കിയിട്ടും സംഭവിച്ച കാര്യങ്ങളിൽ ഞാൻ ഖേദം പ്രകടിപ്പിച്ചതാണ്. ഇപ്പോഴും എനിക്കതിൽ ഖേദമുണ്ട്. അന്ന് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും എല്ലാം ക്ഷമിച്ച് എന്നോടൊപ്പം ഉറച്ചുനിന്നു. ആ സംഭവം അവിടെ അവസാനിച്ചെന്നും ഇനി പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധിക്കാനുമാണ് കഴിഞ്ഞ 3–4 വർഷവും ഞാൻ ശ്രമിച്ചത്.
പക്ഷേ, അന്ന് ഞാൻ അയച്ച സന്ദേശങ്ങൾ പുറത്തായത് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ഒരുതരത്തിൽ പറഞ്ഞാൽ, 2017ൽ ഞാൻ അയച്ച സന്ദേശങ്ങൾ ഒരു ഓസ്ട്രേലിയൻ നായകനു ചേർന്നതല്ലെന്ന് മനസ്സിലാക്കുന്നു. എന്റെ ഭാര്യയ്ക്കും കുടുംബത്തിനും ആ സഹപ്രവർത്തകയ്ക്കും ഞാൻ നിമിത്തമുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു. ഓസീസ് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളോടും ആരാധകരോടും മാപ്പു ചോദിക്കുന്നു’.
ആഷസ് പരമ്പരയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള താരത്തിന്റെ രാജി ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകും. ലൈംഗികാതിക്രമം ആരോപിച്ച് പെയ്‌നിനെതിരേ ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2018 മാര്‍ച്ചിലാണ് ഓസീസ് ടെസ്റ്റ് ടീമിന്റെ 46-ാമത്തെ ക്യാപ്റ്റനായി ടിം പെയ്ന്‍ നിയമിക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ ദക്ഷിണാഫ്രിക്കയിലെ പന്തുചുരണ്ടല്‍ വിവാദത്തിനു ശേഷം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് ലഭിച്ചതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്.
Discussion about this post