ധാക്ക: 1971ൽ മതേതര രാഷ്ട്രമായി രൂപം കൊണ്ട ബംഗ്ലാദേശിനെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമാക്കി മാറ്റി അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐ എസ് ഐ ആണ് ഇതിന് പിന്നിൽ. ലഷ്കർ ഇ ത്വയിബയുടെ സഹായത്തോടെയാണ് ഐ എസ് ഐ ഇത് നടപ്പാക്കുന്നത്.
ബംഗ്ലാദേശിന്റെ തനത് പാരമ്പര്യം ഇല്ലാതാക്കാൻ പാകിസ്ഥാൻ എന്നും ശ്രമിച്ചിരുന്നതായി ബംഗ്ലാദേശ് മന്ത്രി ഹസനുൽ ഇനു അടുത്തയിടെ പറഞ്ഞിരുന്നു. അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഇരുപത് പേരുടെ മരണത്തിനിടയാക്കിയ 2016ലെ ധാക്ക ഭീകരാക്രമണത്തിലായിരുന്നു ഐ എസ് ഐയുടെ പങ്ക് ആദ്യമായി തെളിയിക്കപ്പെടുന്നത്.
ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് എന്ന ഭീകര സംഘടനയായിരുന്നു ആക്രമണത്തിന് പിന്നിൽ. വിശദമായ അന്വേഷണത്തിനൊടുവിൽ പാക് ഭീകര സംഘടനയായ ലഷ്കറിന്റെ സാന്നിദ്ധ്യം വ്യക്തമാകുകയായിരുന്നു. ധനവും സംരക്ഷണവും നൽകി ഐ എസ് ഐ പോറ്റുന്ന സംഘടനയാണ് ലഷ്കർ ഇ ത്വയിബ.
ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ഭീകരർ പാകിസ്ഥാനിൽ ഭീകര പരിശീലനം നേടിയിരുന്നതായി പിന്നീട് നടന്നിരുന്ന അന്വേഷണങ്ങളിൽ തെളിഞ്ഞു. ബംഗ്ലാദേശിലെ റോഹിംഗ്യൻ മുസ്ലീങ്ങൾക്കും ഭീകര പരിശീലനം നൽകാൻ ഈ സംഘടനകൾ ശ്രമിച്ചിരുന്നു.ലഷ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഹർക്കത്തുൽ ജിഹാദി ഇസ്ലാമി എന്ന ഭീകര സംഘടനയിൽ നിന്നുമാണ് ജമാഅത്ത് ഉൽ മുജാഹിദ്ദീന്റെ പിറവി.
2012ൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഹിംഗ്യ നേതാവ് ഷബീർ അഹമ്മദിനെ ബംഗ്ലാദേശ് പിടികൂടിയിരുന്നു. ജെയ്ഷെ മുഹമ്മദിന് വേണ്ടി ഇയാൾ റോഹിംഗ്യൻ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. ബംഗ്ലാദേശിനെ താലിബാനി അഫ്ഗാനിസ്ഥാൻ ആക്കുമെന്ന് ജമാഅത്ത് ഉൽ മുജാഹിദ്ദീൻ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇസ്ലാമിക് സ്റ്റേറ്റുമായാണ് ജമാഅത്ത് ഉൽ മുജാഹിദ്ദീൻ സഖ്യം ചേർന്നിരിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭീകരതയുടെ ഉറവിടമായ ലഷ്കറാണ് ഈ സംഘടനകളെയൊക്കെ പരിപോഷിപ്പിക്കുന്നത്. ഇവരുടെ പ്രവർത്തന ഫലമായി ബംഗ്ലാദേശിൽ ഭീകരത വർദ്ധിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ താലിബാൻ ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഭീകര സംഘടനകൾ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് ഭീകരത വ്യാപിപ്പിക്കുക എന്നതാണ് ഐ എസ് ഐയുടെ പ്രധാന ലക്ഷ്യമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post