ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാൻ ഡിസംബർ 6ന് അദ്ദേഹം ഇന്ത്യയിലെത്തും. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്‌ളാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
2019 നവംബറിൽ നടന്ന ബ്രിക്‌സ് സമ്മേളനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന വേദി. ഇന്ത്യയിലെത്തുന്ന വ്‌ളാഡിമിർ പുടിൻ നരേന്ദ്ര മോദിയുമായി ചേർന്ന് ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ മികവുറ്റതാക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും.
അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഇരു നേതാക്കളും ചർച്ച ചെയ്യും. എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തും. ഇരു രാജ്യങ്ങളുമായി നിലനിൽക്കുന്ന പ്രത്യേക നയതന്ത്ര ബന്ധം മുൻനിർത്തി പ്രതിരോധ മന്ത്രിതല ചർച്ചയും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയ്‌ക്ക് പുറമേ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലെവ്‌റോവ്, പ്രതിരോധമന്ത്രി സെർജേയ് ഷോയിഗു എന്നിവരും ഇന്ത്യയിൽ എത്തും. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറുമായി സെർജി ലെവ്‌റോവും, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി സെർജേയ് ഷോയിഗുവും കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വാണിജ്യ സഹകരണം, ശാസ്ത്ര സാങ്കേതിക രംഗം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പ് വെക്കും.








