തൊടുപുഴയിൽ ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടിയ പ്രതി ആറ്റിൽ ചാടി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് സസ്‌പെന്‍ഷൻ. എസ്‌ഐ ഷാഹുല്‍ ഹമീദ്, സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ കോലാനി സ്വദേശി ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഫോൺ ചെയ്യാനായി മാറിയപ്പോഴാണ് കഴിഞ്ഞ ദിവസം പ്രതി ഇറങ്ങി ഓടിയത്.
പ്രതി തൊടുപുഴയാറ്റിൽ ചാടുകയായിരുന്നു. സംഭവം നടന്നതിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും തൊടുപുഴയാറില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഒടുവിൽ കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ വൈകുന്നേരത്തോടെയാണ് പ്രതിയുടെ മൃതദേഹം കണ്ടെടുത്തത്.
തൊടുപുഴ ഫയർ ആൻറ് സെക്യൂ ടീമിലെ സ്കൂബ ടീം വണ്ടിപ്പെരിയാറിൽ പ്രത്യേക ഡ്യൂട്ടിയിലായതിനാൽ തെരച്ചിൽ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post