ഓരോ മനുഷ്യനുള്ളിലും ഒരു ചെറിയ പ്രത്യേകത പ്രകൃതി ഒളിപ്പിച്ചു വയ്ക്കും. ചിലർക്ക് അത് കണ്ടെത്താനാകും, ചിലരാകട്ടെ അത് അറിയാതെ മുന്നോട്ട് പോകും. മറ്റ് ചിലരാകട്ടെ അത് ജീവിക്കാനായി പ്രയോജനപ്പെടുത്തുകയും ചെയ്യും. ശാരീരികമായി വ്യത്യസ്തമായി കാണപ്പെട്ട ആളുകളെ പല പാശ്ചാത്യരാജ്യങ്ങളും സർക്കസ് ഷോകളിൽ ഉപയോഗിച്ചിരുന്നതും ഇതിനു ഉദാഹരണമാണ്. അതിലൊരാളായിരുന്നു റോബർട്ട് വാഡ്‍ലോയും. ഉയരത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഇതുവരെ ജീവിച്ചിരുന്നവരില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായിട്ടാണ് റോബര്‍ട്ട് വാഡ്‍ലോ അറിയപ്പെടുന്നത്.
1918 ഫെബ്രുവരി രണ്ടിന് ഹാരോള്‍ഡ് ഫ്രാങ്ക്ലിന്‍ വാഡ്ളോയുടെയും ആഡി ജോണ്‍സണിന്‍റെയും മകനായാണ് വാഡ്ലോ ജനിച്ചത്. അഞ്ചു മക്കള്‍ ഉള്ള ഫ്രാങ്ക്ലിന്‍റെ കുടുംബത്തിലെ മൂത്ത മകന്‍ ആയിരുന്നു വാഡ്ളോ.
ആരോഗ്യമുള്ളൊരു കുഞ്ഞായി തന്നെയായിരുന്നു അവന്‍റെ ജനനം. എന്നാൽ, കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവനിൽ മറ്റ് കുട്ടികളിൽ നിന്നും വിഭിന്നമായി ചില മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. വളരെ പെട്ടെന്നാണ് അവന്റെ ഉയരം കൂടാൻ തുടങ്ങിയത്. വെറും അഞ്ച് വയസുള്ളപ്പോള്‍ തന്നെ റോബര്‍ട്ടിന്‍റെ ഉയരം അഞ്ചടി നാലിഞ്ചായിരുന്നു. ഫ്രാങ്ക്ലിന്‍റെ മറ്റുള്ള മക്കള്‍ക്കെല്ലാം സാധാരണ ഉയരമേ ഉണ്ടായിരുന്നുള്ളൂ.
അഞ്ചാമത്തെ വയസില്‍ പതിനേഴുവയസുകാരന്‍ ധരിക്കുന്ന വസ്ത്രങ്ങൾ വേണ്ടി വന്നു അവന് ധരിക്കാൻ. വാഡ്ളോക്ക് പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആണ് രോഗം തിരിച്ചറിഞ്ഞത്. ഡോക്ടര്‍മാര്‍ അവന്‍റെ അവസ്ഥയെ വിശദീകരിച്ചത് പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ഹൈപ്പർപ്ലാസിയ എന്നാണ്. അത് മനുഷ്യരില്‍ അനിയന്ത്രിതമായി ഉയരം കൂട്ടും എന്ന് പറയുന്നു.
ആ കാലത്ത് ആ രോഗത്തിന് ചികിത്സയും ഇല്ലായിരുന്നു. എട്ട് വയസ്സ് ആകുമ്പോഴേക്കും വാഡ്ളോ തന്‍റെ അച്ഛനേക്കാള്‍ ഉയരമുള്ള കുട്ടിയായി മാറിയിരുന്നു. വാഡ്ളോയുടെ അമിതമായ വളര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പല പത്രങ്ങളിലും അച്ചടിച്ച് വന്നു. അതുകൊണ്ടുതന്നെ വാഡ്ളോ ചെറുപ്പത്തില്‍ തന്നെ പ്രസിദ്ധി നേടിയിരുന്നു. ശാന്തശീലനായായിരുന്നു വാഡ്ളോ സ്കൂളില്‍ അറിയപ്പെട്ടിരുന്നത്.
പതിനെട്ടാമത്തെ വയസില്‍ അവന്‍ ലോകത്തിലെ തന്നെ ഉയരമുള്ള വ്യക്തിയായി അറിയപ്പെട്ടു. അവനായി പ്രത്യേകം പണിയിപ്പിച്ച 37 AA സൈസ് ഷൂവാണ് അവന്‍ ധരിച്ചിരുന്നത്. ബിരുദവും,നിയമബിരുദവും നേടിയ വാഡ്ളോ പിന്നീട് ഇല്ലിനോയ്സിലെ അതികായന്‍ എന്നറിയപ്പെട്ടു തുടങ്ങി. വാഹനങ്ങളില്‍ സഞ്ചരിക്കുവാനും,വസ്ത്രങ്ങളും ഷൂസും എല്ലാം തെരഞ്ഞെടുക്കുവാനും വാഡ്ളോ ഏറെ പാടുപെട്ടു.
1936 -ല്‍ റിംഗ്ലിങ് സഹോദരന്മാര്‍ റോബര്‍ട്ടിനെ ശ്രദ്ധിച്ചു. അത് അവന്റെ ജീവിതത്തെ വേറൊരു രീതിയിലേക്ക് മാറ്റി. അവരുടെ ട്രാവലിംഗ് സര്‍ക്കസിലേക്ക് അവനെ റിംഗ്ലിങ് സഹോദരന്മാർ ക്ഷണിച്ചു. അങ്ങനെ അവനും അതിലെ ഒരു അംഗമായി. അതവനെ അറിയപ്പെടുന്നവനാക്കി. തന്‍റെ അതികായ ശരീരം കൊണ്ട് സര്‍ക്കസ്സിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതായിരുന്നു വാഡ്ളോയുടെ ജോലി.
രണ്ടുവര്‍ഷത്തോളം അവിടെ ജോലി ചെയ്തെങ്കിലും വെറുമൊരു പ്രദര്‍ശനവസ്തു മാത്രമായി മാറാന്‍ വാഡ്ളോ ആഗ്രഹിച്ചിരുന്നില്ല. ആളുകള്‍ക്ക് റോബര്‍ട്ടിനെ വലിയ ഇഷ്‍ടമായിരുന്നു. അവരവന് ‘ജെന്‍റില്‍ ജയന്റ്’ എന്ന ഓമനപ്പേരിട്ടു. എന്നാല്‍, അവന്‍റെ കാലുകള്‍ക്കും പാദങ്ങള്‍ക്കും അപ്പോഴേക്കും ബലക്ഷയം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. അവനെപ്പോഴും നടക്കാന്‍ ഒരു ലെഗ്ബ്രേസിന്‍റെയും ചൂരല്‍വടിയുടേയും സഹായം വേണ്ടിവന്നു.
1940-ജൂണ്‍ മാസത്തില്‍ ആണ് വാഡ്‌ളോയുടെ ഉയരം അവസാനമായി അളന്നത്. 8 അടി 11.1 ഇഞ്ച് ഉയരമുണ്ടായിരുന്നു വാഡ്ളോക്ക്. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനായ സുല്‍ത്താന്‍ കൊസന്‍ എന്ന ആളുടെ ഉയരം 8.3 ഇഞ്ചുമാത്രമാണ്.
1940 -ല്‍ ബ്രേസ് ഇറുകി നിന്നതിനെ തുടര്‍ന്ന് കാലുകളില്‍ അസ്വസ്ഥത ഉണ്ടായി. പൊട്ടലുകളുണ്ടായി. ആ പരിക്ക് പിന്നീട് രക്തസംക്രമണത്തിലേക്കും ശസ്ത്രക്രിയയിലെക്കും നീണ്ടു. കടുത്ത അണുബാധയേറ്റ റോബര്‍ട്ട് പെര്‍ഷിംഗ് വാഡ്ളോ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മരണമടഞ്ഞു.
അവന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ശവപ്പെട്ടിയില്‍ അവനെ അടക്കി. പത്തടി ഒമ്പതിഞ്ചായിരുന്നു അപ്പോള്‍ അവന്‍റെ നീളം, ആയിരം പൗണ്ട് തൂക്കവും. 12 പേര്‍ ചേര്‍ന്നാണ് അവന്‍റെ ശവപ്പെട്ടി ചുമന്നത്. അങ്ങനെ ലോകത്തിലേക്കും വലിയവനായ അവൻ വേദനിപ്പിക്കുന്ന ഓർമ മാത്രമായി.
വാഡ്ളോയോടുള്ള ആദരസൂചകമായി ആള്‍ട്ടണ്‍ നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും റോബര്‍ട്ട് വാഡ്ളോയുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടു. ചില സംഗീത സംഘങ്ങള്‍ വാഡ്ളോയെക്കുറിച്ച് പാട്ടുകളും പുറത്തിറക്കുകയുണ്ടായി.
Discussion about this post