ഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ വിമർശനം. ആദ്യം അസം, പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും. ഒരു തെളിവു പോലുമില്ലാത്ത രീതിയിൽ പാർട്ടി രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.
നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ 2016-ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സമാനമായ രീതിയിലായിരുന്നു പഞ്ചാബിലും സംഭവിച്ചത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ആയിരുന്ന ക്യാപ്ടൻ അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്നും പുറത്ത് പോയി പുതിയ പാർട്ടി രൂപീകരിച്ച് ബിജെപി മുന്നണിയിൽ ചേർന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഉത്തരാഖണ്ഡിലും മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പാർട്ടിക്ക് അനഭിമതമായ നിലപാട് സ്വീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. താൻ പിന്തുടരുന്നവർ തന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്നു എന്നാരോപിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹരീഷ് റാവത്ത് രംഗത്തെത്തിയത്.
ഹരീഷ് റാവത്തിന്റെ ഭിന്ന നിലപാടിനെ തുടർന്ന് ഉത്തരാഖണ്ഡിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ മനീഷ് തിവാരി കൂടി പാർട്ടിക്കെതിരെ തിരിഞ്ഞത് കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
Discussion about this post