ഡൽഹി: ലുധിയാന കോടതി സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പദ്ധതിയിട്ടതും നടപ്പിലാക്കിയതും പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെയാണെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ പാകിസ്ഥാനിൽ നിന്നും കൃത്യമായി നിർദേശങ്ങൾ വരുന്നുണ്ട്. എന്നാൽ പലതും ഇന്റലിജൻസിന്റെ കൃത്യമായ ഇടപെടലുകളെ തുടർന്ന് പരാജയപ്പെടുകയാണ്. പ്രദേശവാസികളായ യുവാക്കളിൽ ഖാലിസ്ഥാൻ ആശയം പകർന്ന് അക്രമങ്ങൾക്ക് പ്രേരിപ്പിക്കാൻ ഐ എസ് ഐ ശ്രമിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പത്താൻകോട്ടിലെ സൈനിക കന്റോണ്മെന്റിന് സമീപം നവംബർ മാസത്തിൽ നടന്ന സ്ഫോടനവും പാക് നിർദേശത്തെ തുടർന്ന് പ്രദേശവാസികൾ നടത്തിയതായിരുന്നു. പഞ്ചാബിൽ പാക് അതിർത്തിക്ക് സമീപം ഡ്രോണുകൾ കാണപ്പെട്ട സംഭവത്തിന് ഇതുമായി ബന്ധമുണ്ട്. അതിർത്തി മേഖലകളിൽ നിന്നും കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏഴ് ടിഫിൻ ബോംബുകളും പത്ത് ഗ്രനേഡുകളും കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ ജർണൈൽ സിംഗ് ഭിന്ദ്രന്വാലയുടെ അനന്തരവന്റെ മകൻ ഗുരുമുഖ് സിംഗിനെ പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും വലിയ തോതിൽ സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇയാൾക്ക് പാകിസ്ഥാനിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടായിരുന്നുവെന്നും പഞ്ചാബിൽ സ്ഫോടന പരമ്പരകൾക്ക് പാക് പിന്തുണയോടെ ഖാലിസ്ഥാന്വാദികൾ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
Discussion about this post