പാലക്കാട്: ആദിവാസികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ഓരോ പദ്ധതിയിലും കോടികൾ പ്രഖ്യാപിക്കപ്പെടുമ്പോഴും അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയാകുന്നു. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ് ഇത്.
കോട്ടത്തറ ട്രൈബൽ സ്പെഷാലറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കുട്ടി മരിച്ചത്. ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം 9 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ നാല് കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം ഉണ്ടായിരുന്നു.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മ കാരണമാണ് മരണങ്ങൾ കൂടുന്നതെന്ന ആരോപണം ശക്തമാണ്. ഗർഭിണികൾക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെപ്പോലും ചികിൽസക്കാനുള്ള സൗകര്യം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കിയിരുന്നു.












