കൊച്ചി: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജനുവരി 14ന് വിധി പറയും. കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി ജി ഗോപകുമാറാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ഡിസംബർ 29ന് പൂർത്തിയായിരുന്നു.
2019 ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ ആരംഭിച്ചു. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ സമർപ്പിച്ച ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്.
കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 85 സാക്ഷികളെ വിസ്തരിച്ചിരുന്നു.
Discussion about this post