ആലപ്പുഴ : വിവാഹ ശേഷം ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കി വരന്റേയും വധുവിന്റെ യാത്ര. അപൂര്‍വ കാഴ്ച കാണാന്‍ റോഡിനരികെ നാട്ടുകാര്‍ തടിച്ചുകൂടി. ആഘോഷത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വാഹനം മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച കായംകുളം കറ്റാനത്താണ് സംഭവമുണ്ടാകുന്നത്. ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്. നവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലന്‍സ് കാണാന്‍ ഒട്ടേറെ പേര് റോഡരികില്‍ എത്തിയിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ രംഗത്ത് വന്നു. വിഡിയോ ശ്രദ്ധയില്‍പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നടപടിക്കു നിര്‍ദേശം നല്‍കുകയായിരുന്നു. അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.
കറ്റാനം വെട്ടിക്കോട് മനു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചല്‍ ആംബുലന്‍സാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആര്‍ടിഒ ജി.എസ്.സജി പ്രസാദ് നോട്ടിസ് നല്കി. രജിസ്ട്രേഷനും പെര്‍മിറ്റും റദ്ദാക്കാതിരിക്കാന്‍ ഉടമയ്ക്കും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഡ്രൈവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസും നല്കി. കൂട്ടത്തിലുള്ള ആംബുലന്‍സ് ഡ്രൈവറുടെ വിവാഹ ആവശ്യത്തിനാണ് ആംബുലന്‍സ് ഉപയോഗിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.
Discussion about this post