പാലക്കാട്: ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ എസ് ഡി പി ഐ പ്രവർത്തകനായ പ്രതിക്ക് ജാമ്യം. പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. വധക്കേസിലെ പ്രതി അബ്ദുൾ ഹക്കീമിനാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ് പുന്നത്തല പുതുശേരി പറമ്പിൽ അബ്ദുൽ ഹക്കീം (45). കഴിഞ്ഞ ആറാം തീയതിയാണ് ഇയാൾ അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ ഇനിയും പിടിയിലാവാനുണ്ട്.
പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമാണെന്ന് ബിജെപി ആരോപിച്ചു. ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കാട്ടുനീതിയാണെന്ന് പാലക്കാട് ബി ജെ പി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് പ്രതികരിച്ചു. ഇത്തരം കേസുകളിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുന്നത് ആദ്യമായിരിക്കും. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസും പ്രോസിക്യൂഷനും ഭീകരവാദികൾക്ക് കുട പിടിക്കുകയാണ്. പ്രോസിക്യൂഷനും സർക്കാറിനും വീഴ്ച സംഭവിച്ചു. ഇതില്‍ സർക്കാർ മറുപടി പറയണമെന്നും കെ എം ഹരിദാസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post