ലാഹോർ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വിവിധ നേതാക്കളുടെ രൂക്ഷമായ വിമർശനങ്ങൾ തുടരുന്നു. ഇമ്രാൻ ഖാൻ ഭൂലോക ഭിക്ഷക്കാരനാണ് എന്നാണ് ജമാ അത്തെ ഇസ്ലാമി നേതാവ് സിറാജ് ഉൾ ഹഖ് അഭിപ്രായപ്പെട്ടത്. ഇമ്രാൻ ഖാന്റെ രാജി മാത്രമാണ് പാകിസ്ഥാൻ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരമെന്നും ഹഖ് പറഞ്ഞു.
ഇമ്രാൻ ഖാൻ സർക്കാർ പിരിച്ചു വിട്ട് രാജ്യത്ത് എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് സിറാജ് ഉൾ ഹഖ് ആവശ്യപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഇമ്രാൻ ഖാനും പാക് ജനതക്കും ഇനി ഒത്തു പോകാനാകില്ല. അതുകൊണ്ട് ഇമ്രാനെ പുറത്താക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഹഖ് പറഞ്ഞതായി പാക് മാധ്യമം ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര നാണയ നിധിക്ക് മുന്നിൽ വായ്പയ്ക്കായി നിരന്തരം കൈനീട്ടുന്ന ഇമ്രാൻ ഖാൻ ഭൂലോക ഭിക്ഷക്കാരനാണ്. രാജ്യം ഭരിക്കാൻ ഈ യാചകൻ അശക്തനാണ്. ഇയാൾ പാകിസ്ഥാന് അപമാനമാണെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് സിറാജ് ഉൾ ഹഖ് വ്യക്തമാക്കി.
Discussion about this post