ഇന്ത്യയിലെ ഏറ്റവും മികച്ച പേസ് ബൗളർമാരുടെ പട്ടികയിലും ഐപിഎൽ പ്രകടനങ്ങളിലും മികച്ച റെക്കോർഡുള്ള ശ്രീശാന്ത് ഐപിഎൽ പതിനഞ്ചാം സീസണിലൂടെ മികച്ച തിരിച്ചു വരവിന് ഒരുങ്ങുന്നു. ഇത്തവണ ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകൾക്ക് കൂടി അവസരം ലഭിച്ചതോടെ താര ലേലത്തിന് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ശ്രീ.
2013 ലെ ഐപിഎല്ലിനിടെയുണ്ടായ കോഴ വിവാദത്തെ തുടർന്നായിരുന്നു ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന് പുറത്തായത്. സംഭവത്തിൽ ബിസിസിഐ ശ്രീശാന്തിന് ക്രിക്കറ്റിൽ നിന്ന് ആജീവനാന്തവിലക്ക് പ്രഖ്യാപിച്ചെങ്കിലും 2020 ൽ ഈ വിലക്കിൽ നിന്ന് മോചിതനായി ശ്രീ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. 2020-21 സീസണിൽ കേരളത്തിനായി അഭ്യന്തര ക്രിക്കറ്റിൽ കളിച്ചു കൊണ്ട് മികച്ച തിരിച്ചു വരവാണ് ശ്രീശാന്ത് നടത്തിയത്.
50 ലക്ഷം രൂപയായിരിക്കും ലേലത്തിൽ ശ്രീശാന്തിന്റെ അടിസ്ഥാന വിലയെന്നാണ് റിപ്പോർട്ട്. 2020-21 സീസണിൽ കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചു കൊണ്ടായിരുന്നു 7 വർഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്തിന്റെ തിരിച്ചു വരവ്. ഇതിന് ശേഷം വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലും കേരളത്തിനായി ജേഴ്സിയണിഞ്ഞ ശ്രീശാന്ത് ടൂർണമെന്റിൽ കളിച്ച 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ പിഴുത് ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
ഐപിഎല്ലിൽ മികച്ച റെക്കോർഡ് ഉള്ള താരമാണ് ശ്രീശാന്ത്. ഐപിഎല്ലിൽ മൊത്തം 44 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ശ്രീശാന്ത് 40 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഒരു സീസണിൽ വിക്കറ്റ് വേട്ടയിൽ ദീർഘകാലം ശ്രീശാന്ത് ഒന്നാമത് തുടർന്നിരുന്നു. 2007 ലെ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു വിദേശത്ത് മികച്ച റെക്കോർഡുള്ള ഈ മുപ്പത്തിയെട്ടുകാരൻ.
Discussion about this post