കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കണ്ണൂർ കുറ്റേരി സ്വദേശിയായ പെൺകുട്ടിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 17ാം വയസിലാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശി പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്യുകയും നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുതവണ കണ്ണൂർ പയ്യാമ്പലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പ്രതി നഗ്നദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കുട്ടിയെ അടുത്ത ബന്ധു പീഡിപ്പിച്ചെന്ന വിവരവും പുറത്തായിരുന്നു.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.











