മൂവാറ്റുപുഴ– തൊടുപുഴ റോഡിൽ ടാർ ഉരുകിയൊലിക്കുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 12 കോടിയിലേറെ രൂപ ചെലവിട്ട് ടാറിങ് നടത്തിയ റോഡാണ് ഈ വിധത്തിൽ നശിക്കുന്നത്. മൂവാറ്റുപുഴ പിഒ ജംക്‌ഷൻ മുതൽ വാഴക്കുളം വരെ 10 കോടി രൂപയും, വാഴക്കുളം കല്ലൂർക്കാട് കവല മുതൽ തെക്കുംമല വരെ 2.68 കോടിയുമാണ് റോഡ് ടാറിങ്ങിനായി വിനിയോഗിച്ചത്.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ മൂവാറ്റുപുഴ മുതൽ തൊടുപുഴ വരെ റോഡ് ടാർ ചെയ്തത്. അശാസ്ത്രീയ നിർമാണം മൂലം റോഡിൽ വൈകാതെ നിറയെ കുഴികളുണ്ടായി. കുഴിയടച്ച് വീണ്ടും ടാർ ചെയ്തെങ്കിലും രണ്ടുമാസമായി റോഡിലെ ടാർ ഉരുകി തിരമാല പോലെ ഒഴുകുന്ന അവസ്ഥയിലാണ്.
രാത്രികാലങ്ങളിൽ ഇതുവഴി വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെടുന്നുണ്ട്. എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം റോഡിന്റെ ദുരവസ്ഥയെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. അമേരിക്കയിൽ പോലും ഇല്ലാത്ത ഡച്ച് സാങ്കേതിക വിദ്യയാണെന്നും ലോകത്തിലെ ആദ്യത്തെ രൂപം മാറുന്ന റോഡ് എന്നുമൊക്കെയാണ് പരിഹാസങ്ങൾ.
Discussion about this post