ലഖ്നൗ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.പിക്ക് വേണ്ടിയുള്ള പ്രധാനലക്ഷ്യങ്ങളെല്ലാം ബി.ജെ.പി നിറവേറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിക്ഷേപകര്‍ ആദ്യം പരിഗണിക്കുന്ന സംസ്ഥാനമായി യു.പി മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ യു.പിയുടെ സ്ഥാനം 14-ല്‍ രണ്ടാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. നേരത്തെ യു.പിയില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഈസ് ഓഫ് ഡുയിങ് ബിസിനസില്‍ ആദ്യസ്ഥാനങ്ങളില്‍ നില്ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ പരിഷ്കാരങ്ങളിലൂടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് യു.പി സമ്പദ്വ്യവസ്ഥയുടെ സ്ഥാനം രണ്ടാമതാക്കി ഉയര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം യു.പിയുടെ പ്രതിശീര്‍ഷ വരുമാനം 47,000 രൂപ മാത്രമായിരുന്നു. തന്റെ സര്‍ക്കാര്‍ ഇത് 54,000 രൂപയാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം കോടിയില്‍ നിന്നും ആറ് ലക്ഷം കോടിയിലേക്ക് സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് വളര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ മൂന്ന് വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ പ്രതിഛായ മാറ്റി. പിന്നീടുള്ള രണ്ട് വര്‍ഷം കോവിഡായിരുന്നു പ്രതിസന്ധി. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം കൊണ്ട് കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post