സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ. പി സി ജോർജ്ജ്. ഞായറാഴ്ച പള്ളി തുറക്കരുതെന്ന് പറയുന്ന പിണറായിക്ക് വെള്ളിയാഴ്ച തുറക്കരുതെന്ന് പറയാനുള്ള ആമ്പിയറില്ല. ഞായറാഴ്ച മാത്രം കൊറോണ വൈറസ് ശക്തമാകുമെന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു. ഞായറാഴ്ച പള്ളി തുറക്കാൻ പാടില്ലെന്ന ക്രിസ്ത്യൻ വിരുദ്ധ നിലപാട് പിണറായി തിരുത്തണമെന്നും വാർത്താ സമ്മേളനത്തിൽ പി സി ജോർജ്ജ് ശക്തമായി ആവശ്യപ്പെട്ടു.
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പോരാടണമെന്ന് അണികളെ ഉദ്ബോധിപ്പിക്കുന്ന പിണറായി ചികിത്സിക്കാൻ അമേരിക്കക്ക് പകരം ചൈനയിൽ പോകാത്തത് എന്താണെന്ന് പി സി ജോർജ്ജ് ചോദിച്ചു. പിണറായി വിജയന് നാണമില്ലല്ലോയെന്നും പി സി ജോർജ്ജ് ചോദിച്ചു. ചികിത്സ കഴിഞ്ഞ് ഇറങ്ങിയ പിണറായി ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ കറങ്ങി അവിടങ്ങളിലെ രാജാക്കന്മാർക്ക് മണക്കാൻ ഈട്ടിപ്പെട്ടികൾ സമ്മാനിക്കുകയാണെന്നും പി സി ജോർജ്ജ് പരിഹസിച്ചു.
വിശ്വാസം തകർക്കലാണ് പിണറായിയുടെ ലക്ഷ്യം. അതിന്റെ ആദ്യത്തെ അനുഭവം ശബരിമലയാണ്. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാൻ തുണിയുടുക്കാത്ത പെണ്ണുങ്ങളെ പിണറായിയുടെ പൊലീസ് ശബരിമലയിൽ കൊണ്ടു പോയി. അതിന് ശേഷം കേരളത്തിൽ സമാധാനമുണ്ടായിട്ടില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നാട്ടിലടക്കം പോക്സോ കേസുകൾ വർദ്ധിക്കുകയാണ്. എന്ത് അക്രമം കാണിച്ചാലും ഇന്ന് ഈ നാട്ടിൽ സംരക്ഷിക്കാൻ ആളുണ്ട്. സംസ്ഥാനത്ത് സ്വർണ്ണക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമായിരിക്കുകയാണ്. ഗുണ്ടാ വിളയാട്ടം സർവ്വസാധാരണമായിരിക്കുന്നു. പീഡനങ്ങൾ പതിവാണ്. പീഡകർ ജാമ്യത്തിലിറങ്ങി ഹാട്രിക് പീഡനങ്ങൾ നടത്തുന്നു. നാസ്തികർ നാടു ഭരിച്ച് ഗുണ്ടാപ്പടയുടെ നാടായി കേരളത്തെ മാറ്റിയിരിക്കുകയാണെന്നും പി സി ജോർജ്ജ് പറഞ്ഞു.
Discussion about this post