ബംഗലൂരു: ഹിജാബ് വിവാദത്തിൽ പരാതിക്കാർക്ക് കനത്ത തിരിച്ചടി. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിദ്യാർത്ഥികൾ ഹിജാബോ യാതൊരു വിധത്തിലുള്ള മതചിഹ്നങ്ങളോ ധരിച്ച് ക്ലാസിൽ ഇരിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കോളേജ് നിഷ്കർഷിച്ചിരിക്കുന്ന ഡ്രസ്സ് കോഡ് പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് കർണാടക സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവാദ്ഗി വാദിച്ചു. ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നമുക്ക് വേണ്ടത് സമാധാനവും ശാന്തിയുമാണെന്ന് കോടതി പറഞ്ഞു.
അതേസമയം ഹിജാബ് വിഷയം സുപ്രീം കോടതിയിൽ എത്തിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് കപിൽ സിബലിനും തിരിച്ചടിയേറ്റു. യൂണിഫോമുമായി ബന്ധപ്പെട്ട കർണാടക സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് കപിൽ സിബൽ സമർപ്പിച്ച ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവർ ചൂണ്ടിക്കാട്ടി.
Discussion about this post