ഡൽഹി: ഹിജാബ് കേസിൽ പരാതിക്കാർക്ക് സുപ്രീം കോടതിയിലും തിരിച്ചടി. കേസ് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന ഇന്നലത്തെ നിലപാട് ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്നും ആവർത്തിച്ചു. വിഷയങ്ങളെ അനാവശ്യമായി പർവ്വതീകരിക്കരുതെന്നും സുപ്രീം കോടതി കാര്യങ്ങൾ കൃത്യമായി നിരീക്ഷുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടപെടണം എന്ന് തോന്നിയാൽ കൃത്യമായ സമയത്ത് കോടതി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് വിഷയത്തിൽ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാലത്തോളം വിദ്യാർത്ഥികൾ ഹിജാബോ യാതൊരു വിധത്തിലുള്ള മതചിഹ്നങ്ങളോ ധരിച്ച് ക്ലാസിൽ ഇരിക്കാൻ പാടില്ലെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ മുൻ നിലപാട് സുപ്രീം കോടതി ആവർത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹിജാബ് വിഷയം സുപ്രീം കോടതിയിൽ എത്തിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് കപിൽ സിബലിനും തിരിച്ചടിയേറ്റു. യൂണിഫോമുമായി ബന്ധപ്പെട്ട കർണാടക സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് കപിൽ സിബൽ സമർപ്പിച്ച ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവർ ചൂണ്ടിക്കാട്ടി.
Discussion about this post