വാഷിംഗ്ടണ്‍ : റഷ്യ യുക്രെയ്ന് പ്രതിസന്ധിയില്‍ ഐക്യരാഷ്ട്രസഭയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. യുദ്ധമുണ്ടാവുമെങ്കില് ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന അമേരിക്കന്‍ ആവശ്യത്തിന് കൂടിയാണ് ഇന്ത്യ മറുപടി നല്‍കിയത്.
പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ‘ക്രിയാത്മക നയതന്ത്ര’ത്തിനാണ് ഇന്ത്യ ആഹ്വാനം ചെയ്തത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തിയാണ് ഈ വിഷയത്തില്‍ രാജ്യത്തിന്റെ ശബ്ദം ലോകത്തെ അറിയിച്ചത്.
റഷ്യ യുക്രെയ്ന് പ്രതിസന്ധിയില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. പ്രതിസന്ധി ബാധിത മേഖലയിലും അതിനപ്പുറവും ദീര്‍ഘകാല സമാധാനവും സ്ഥിരതയും പ്രതീക്ഷിക്കുന്നതായും തിരുമൂര്‍ത്തി പറഞ്ഞു.
‘അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന വലിയ താല്പര്യത്തിനായി പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന ഏത് നടപടികളും എല്ലാ കക്ഷികളും ഒഴിവാക്കുന്നതാണ് നല്ലത്. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം,’ യുക്രെയിനുമായി ബന്ധപ്പെട്ട യുഎന്‍എസ്സി യോഗത്തില്‍ സംസാരിക്കവെ ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. യുക്രെയിനില്‍ 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും താമസിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യാ ഗവണ്മെന്റ് പ്രഥമ പരിഗണന നല്‍കുന്നത് പൗരന്മാരുടെ ക്ഷേമത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
2014-ല്‍ യുക്രെയ്നിന്റെ ഭാഗമായ ക്രിമിയ റഷ്യ പിടിച്ചെടുത്തതിനുശേഷം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിരവധി തവണ യോഗം ചേര്‍ന്നിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന്, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങള്‍ ഒന്നായി കൊണ്ടുവന്ന പ്രമേയങ്ങളില്‍ റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുന്നതിനാല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ യുക്രെയിന് വിഷയത്തില്‍ റഷ്യയ്ക്ക് പിന്തുണയുമായി ചൈനകൂടി പരസ്യമായി രംഗത്ത് വന്നതോടെ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്ക് പ്രതികൂലമായ ഒരു തീരുമാനവും അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
Discussion about this post