ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എജി പറഞ്ഞു.
തിങ്കളാഴ്ചയും കേസിൽ വാദം തുടരും. അതേസമയം മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ ഇന്ന് ആറാം ദിവസമാണ് കര്‍ണാടക ഹൈക്കോടതിയില്‍ വാദം നടന്നത്.
Discussion about this post