ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖാലിസ്ഥാൻ അനുകൂല ആപ്പുകളും വെബ് സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന വിഘടനവാദി സംഘടനയെ അനുകൂലിക്കുന്ന പഞ്ചാബ് പൊളിറ്റിക്സ് ടിവിയുടെ വിവിധ പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ചാനലിലെ ഉള്ളടക്കം സമൂഹ മനസ്സിനെ ദോഷകരമായി സ്വാധീനിക്കാൻ ഇടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
നിരോധിച്ച ആപ്പുകളുടെയും വെബ് സൈറ്റുകളുടെയും ഉള്ളടക്കം രാജ്യത്തെ മതസൗഹാർദ്ദം തകർക്കുമെന്നും വിഘടനവാദ ശക്തികൾക്ക് ഊർജ്ജം പകരുമെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അസന്തുലിതമാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന യാതൊരു വിധത്തിലുള്ള മാധ്യമ ഉള്ളടക്കങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. നേരത്തെ രാജ്യസുരക്ഷയെ ബാധിക്കുന്നത് എന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മലയാള ചാനലായ മീഡിയ വൺ സംപ്രേഷണം നിർത്തി വെക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
Discussion about this post