ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ എം എൽ എമാർക്ക് സമ്മാനിച്ച ഐഫോണുകൾ ആവശ്യമില്ലെന്ന് ബിജെപി എം എൽ എമാർ. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ആഡംബരങ്ങൾക്ക് പ്രസക്തിയില്ലെന്ന് ബിജെപി അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലം കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കി വെക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും ബിജെപി എം എൽ എമാർ വ്യക്തമാക്കി.
പാർട്ടി എം എൽ എമാർ ഉടൻ ഫോണുകൾ മടക്കി നൽകുമെന്ന് ബിജെപി രാജസ്ഥാൻ അധ്യക്ഷൻ സതീഷ് പൂനിയ വ്യക്തമാക്കി. പാർട്ടി നേതാക്കളുമായും എം എൽ എമാരുമായും ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് 71 എം എൽ എമാരാണ് ഉള്ളത്. സംസ്ഥാന ബജറ്റ് അവതരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ എം എൽ എമാർക്കും ഐഫോൺ 13 നൽകാൻ അശോക് ഗെഹ്ലോട്ട് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ തവണ എം എൽ എമാർക്ക് ഐപാഡുകളായിരുന്നു സർക്കാർ സമ്മാനമായി നൽകിയത്.
Discussion about this post