കീവ്: റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതി. ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ. പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി മാന്യമായ ബന്ധം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം. നരേന്ദ്ര മോദി മുൻകൈ എടുക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ഉക്രെയ്ൻ തയ്യാറാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ഉക്രയ്ൻ അഭ്യർത്ഥിച്ചു.
അതേസമയം ഇതുവരെ വിഷയത്തിൽ കരുതലോടെയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യ ഒരു രാജ്യത്തിന്റെ പക്ഷത്തും ചേരില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിലവിൽ മോസ്കോയിലുണ്ട്. യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മോസ്കോയിലെത്തിയ ഇമ്രാൻ ഖാന് അമേരിക്ക ശക്തമായ താക്കീത് നൽകിയിരുന്നു. റഷ്യ- ഉക്രെയ്ൻ യുദ്ധത്തെ ആവേശകരം എന്ന് വിശേഷിപ്പിച്ച ഇമ്രാൻ ഖാനോട്, ലോകം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ അധിനിവേശത്തിനെതിരെ പ്രതികരിക്കേണ്ടത് ഉത്തരവാദപ്പെട്ട രാജ്യങ്ങളുടെ കടമയാണെന്ന് അമേരിക്ക പറഞ്ഞു. അപക്വമായ നിലപാടുകൾ സ്വീകരിക്കുന്നവർ യുദ്ധാനന്തരം കണക്ക് പറയേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
Discussion about this post