മോസ്കോ: യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ വകുപ്പ് വീണ്ടും അറിയിച്ചു. ആയുധം താഴെ വെച്ചാൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ബലാറസിൽ ചർച്ച നടത്താമെന്നും റഷ്യ അറിയിച്ചു. എന്നാൽ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി റഷ്യയുടെ ഈ നിർദ്ദേശം വീണ്ടും നിരാകരിച്ചു.
ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ അതിന് റഷ്യ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാനാവില്ലെന്നും സെലെൻസ്കി പറഞ്ഞു. ബലാറസിൽ ചർച്ച നടത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉക്രെയ്നിലെ രണ്ട് സുപ്രധാന നഗരങ്ങൾ കൂടി ഇന്ന് റഷ്യ പിടിച്ചെടുത്തു. കീവിൽ ഇന്ന് ശക്തമായ സ്ഫോടനങ്ങൾ നടത്തിയ റഷ്യൻ സൈന്യം കാർകീവിൽ ഗാസ് പൈപ്പ് ലൈനിന് തീവെച്ചു. യുദ്ധത്തിൽ ഇതുവരെ 200 സാധാരണക്കാർ കൊല്ലപ്പെട്ടതായും ഒന്നര ലക്ഷത്തോളം പേർ ഉക്രെയ്ൻ വിട്ട് അയൽരാജ്യങ്ങളായ പോളണ്ടിലും മോൾഡോവയിലും അഭയം തേടിയതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
Discussion about this post