ഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു. ജമ്മു ത്രികൂട നഗറിലെ ബിജെപി ആസ്ഥാനത്ത് വെച്ച് മുബഷർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ എം എൽ എ ദലീപ് പരിഹാർ, ബിജെപി പട്ടിക വർഗ മോർച്ച പ്രസിഡന്റ് ഹരൂൺ ചൗധരി എന്നിവർ മുബഷറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്നു ദോഡയിൽ നിന്നുള്ള യുവ നേതാവായ മുബഷർ ആസാദ്. അധികാരത്തിന്റെ ആഡംബരങ്ങൾ ആസ്വദിക്കുകയും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി എന്നിവർ ബിജെപിയിൽ നിന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കണമെന്ന് മുബഷർ പറഞ്ഞു. ജമ്മു കശ്മീരിലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ പരിഗണന നൽകുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയമാണ് സമകാലിക രാഷ്ട്രീയത്തിൽ പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ ജനാധിപത്യം സ്ഥാപിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ്. രാജ്യത്തിലെ എല്ലാ ജനങ്ങളെയും തുല്യരായി പരിഗണിക്കുന്ന ബിജെപിയുടെ നയം സർവസ്വീകാര്യമായത് കൊണ്ടാണ് മുന്നോട്ട് വളരുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയായി ബിജെപി നിലകൊള്ളുന്നതെന്നും മുബഷർ വ്യക്തമാക്കി.
മുബഷറിനെ പോലെയുള്ള യുവനേതാക്കളുടെ കടന്നു വരവ് ദോഡ, കിഷ്ത്വാർ, റംബാൻ എന്നിവിടങ്ങളിൽ ബിജെപിയെ ശക്തമാക്കുമെന്ന് രവീന്ദർ റെയ്ന പറഞ്ഞു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അമ്മാവൻ ഗുലാം നബി ആസാസിനെ അവഗണിക്കുന്നതിലൂടെ കോൺഗ്രസ് കടുത്ത നീതികേടാണ് കാണിക്കുന്നതെന്ന് മുബഷർ ആസാദ് കുറ്റപ്പെടുത്തി. ഗുലാം നബി ആസാദിനോട് കോൺഗ്രസ് കാട്ടിയ അവഗണന ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുലാം നബി ആസാദിനോടുള്ള കാഴ്ചപ്പാട് ബഹുമാന്യമാണെന്നും മുബഷർ ആസാദ് പറഞ്ഞു.
കോൺഗ്രസ് പാർട്ടി സ്വാർത്ഥമതികളുടെ കൂടാരമായി മാറിയിരിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ വിശ്വാസം കാത്ത നേതാവാണ്. രാജ്യതാത്പര്യം മുൻനിർത്തി നരേന്ദ്ര മോദിയെ പിന്തുണയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുബഷർ ആസാദ് വ്യക്തമാക്കി.
Discussion about this post