മുംബൈ: ഗുരുതര നിയമ ലംഘനം നടത്തിയതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബാന്ദ്ര സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തത്. മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ സുരക്ഷാ ജീവനക്കാരനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായി മറ്റൊരു പരാതിയുമുണ്ട്. ഇതിന് മുൻപും സമാനമായ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് വിനോദ് കാംബ്ലി.
1991ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കാംബ്ലി 2000 ഒക്ടോബറിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി. സച്ചിന്റെ സമകാലികനായി ടീമിലെത്തിയ കാംബ്ലി ഒരു കാലത്ത് സച്ചിനേക്കാൾ ആരാധകരുള്ള ആക്രമണകാരിയായ ബാറ്റ്സ്മാൻ ആയിരുന്നു. പിന്നീട് ഫോം നഷ്ടപ്പെട്ട കാംബ്ലി തുടർച്ചയായി മോശം പ്രകടനം ആവർത്തിച്ചതോടെ ടീമിൽ നിന്ന് പുറത്തായിരുന്നു. വ്യക്തി ജീവിതത്തിലെ പാളിച്ചകളുടെ പേരിലാണ് പിന്നീട് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്.
Discussion about this post