ഡൽഹി: ഉക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ട് കേന്ദ്ര സർക്കാർ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒഴിപ്പിക്കലും രക്ഷാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്ര മന്ത്രിമാരെ യൂറോപ്പിലേക്ക് അയക്കും. കേന്ദ്ര മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ജനറൽ വി കെ സിംഗ് എന്നിവരെയാണ് യൂറോപ്പിലേക്ക് അയക്കുന്നത്.
അതേസമയം യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ ദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റുമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ഡൽഹിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി.
മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും. ഉക്രയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Discussion about this post