കൊല്ലം: ആശുപത്രി കെട്ടിടം വൃത്തിഹീനമായി കിടക്കുന്നതിന് ഡോക്ടർമാർക്ക് നേരെ തട്ടിക്കയറിയ എം എൽ എ ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ. ആശുപത്രി പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം എംഎല്‍എ മനസിലാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തലവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ എത്തിയ കെബി ഗണേഷ്കുമാര്‍ എംഎല്‍എ ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടി ചൂലെടുത്തു വൃത്തിയാക്കിയ വാർത്ത ലോക്കൽ മാധ്യമങ്ങളിൽ വീഡിയോ സഹിതം വന്നിരുന്നു. മൂന്നരക്കോടി രൂപ മുടക്കി നിര്‍മിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിന് തയാറായിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും എം എൽ എ ആരോപിച്ചിരുന്നു.
എന്നാൽ 40 കിടക്കയുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപതു വയസുളളയാള്‍ ജോലിയില്‍ നിന്നു വിരമിക്കുകയും ചെയ്തു. ഒഴിവു നികത്താന്‍ നടപടിയുമില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ശുചിമുറിയിലെ ടൈല്‍ ഇളകിയതിനും തങ്ങളാണോ കുറ്റക്കാർ എന്ന് ഡോക്ടർമാർ ചോദിക്കുന്നു. ഫിസിയോ തെറാപ്പി ഉപകരണം ഉപയോഗിക്കുന്നില്ല എന്നതാണ് എം എൽ എയുടെ അടുത്ത വിമർശനം. ഇത് പരിശീലനം നേടിയ ജീവനക്കാരില്ലാതെ എങ്ങനെ ഉപയോഗിക്കുമെന്നും ഡോക്ടർമാർ ചോദിക്കുന്നു.
Discussion about this post