ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലങ്ങൾ. ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിർത്തും. മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ഗോവയിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിയുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. ഉത്തർ പ്രദേശിൽ കോൺഗ്രസ് 2 സീറ്റിലേക്ക് ചുരുങ്ങും. പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നും സർവേകളിൽ പറയുന്നു.
ഇടിജി റിസർച്ച് സർവേയിൽ ഉത്തർ പ്രദേശിൽ ബിജെപി 245 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 2ൽ ഒതുങ്ങും. സമാജ്വാദി പാർട്ടിക്ക് 150 സീറ്റുകളും ബിഎസ്പിക്ക് 5 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
പഞ്ചാബിൽ കോൺഗ്രസ് തകർന്നടിയുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. നിലവിൽ അധികാരത്തിലിരിക്കുന്ന പാർട്ടി 19സീറ്റുകളിൽ മാത്രമാകും. 76സീറ്റുകൾ നേടി ഡൽഹിക്ക് പുറത്ത് ആദ്യമായി ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കും. അകാലിദൾ സഖ്യത്തിന് 11 സീറ്റുകൾ വരെയും ബിജെപിക്ക് 4 സീറ്റുകൾ വരെയും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
ഉത്തരാഖണ്ഡിൽ ബിജെപി 46 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോൺഗ്രസിന് 20 സീറ്റുകൾ മാത്രമാകും ലഭിക്കുകയെന്നും സർവേയിൽ പറയുന്നു.
ഗോവയിൽ 22 സീറ്റുകൾ ബിജെപിക്ക് ലഭിക്കുമ്പോൾ കോൺഗ്രസ് 17 സീറ്റുകൾ വരെ നേടുമെന്ന് ഇന്ത്യ ടിവി- സി എൻ എക്സ് സർവേയിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് 1 സീറ്റ് നേടുമെന്നും സർവേ വ്യക്തമാക്കുന്നു.
മണിപ്പൂരിൽ 38 സീറ്റുകൾ നേടി ബിജെപി ഭൂരിപക്ഷം മറികടക്കുമെന്ന് സീ ന്യൂസ് സർവേയിൽ പറയുന്നു. കോൺഗ്രസിന് 12 സീറ്റുകൾ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.








