മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘കശ്മീർ ഫയൽസ്‘ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി. ഉത്തർ പ്രദേശ് സ്വദേശി ഇന്തസാർ ഹുസൈൻ ആണ് പരാതിക്കാരൻ. ദേശീയ പുരസ്കാര ജേതാവ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി കശ്മീർഫയൽസ്‘.
ചിത്രത്തിന്റെ ട്രെയിലർ മുസ്ലീം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ചിത്രത്തിന്റെ ഉള്ളടക്കം ഹിന്ദു- മുസ്ലീം സംഘർഷങ്ങൾക്കും കലാപങ്ങൾക്കും വഴിവെക്കുമെന്നും ഹർജിക്കാരൻ വാദിക്കുന്നു. എന്നാൽ വിവേക് അഗ്നിഹോത്രി ആരോപണങ്ങൾ നിഷേധിക്കുന്നു.
തന്റെ സിനിമ സത്യം വെളിപ്പെടുത്തുന്നതാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും വസ്തുതകൾ അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എതിരാളികൾക്ക് തന്റെ സിനിമക്കെതിരെ എന്ത് പ്രചാരണം വേണമെങ്കിലും അഴിച്ചു വിടാമെന്നും എന്നാൽ അത് കൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
യൂട്യൂബിൽ പത്ത് ദിവസം കൊണ്ട് 9.5 മില്ല്യൺ വ്യൂസാണ് കശ്മീർ ഫയൽസിന്റെ ട്രെയിലറിന് ലഭിച്ചത്. മാർച്ച് 11നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.
Discussion about this post