ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തകർപ്പൻ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. അതുല്യ വീര്യവും ചലനാത്മകതയുമുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂർ സാഹിത്യോത്സവത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അതുല്യ വീര്യവും ചലനാത്മകതയുമുള്ള നേതാവാണ്. ശ്രദ്ധേയമായ ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയമായി ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഞങ്ങളുടെ പ്രതീക്ഷകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ള വിജയമാണ് നരേന്ദ്ര മോദി കൈവരിച്ചത്. ശശി തരൂർ പറഞ്ഞു.
ബിജെപി ആഗ്രഹിച്ചത് ജനങ്ങൾ അവർക്ക് നൽകിയിരിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു. അതേസമയം കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിലടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ പറഞ്ഞു.
Discussion about this post