ബംഗലൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കോടതി വിലയിരുത്തി. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5ന് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട് കോടതി ശരിവെക്കുകയായിരുന്നു.
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു. അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബംഗലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. വിധിക്ക് മുമ്പ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചാണ് വാദം കേട്ടത്. ശിരോവസ്ത്രം ഇസ്ലാമില്‍ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്‍റെ പ്രധാന വാദം. ഇസ്ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാന്‍ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ അധികാരമില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.
ഹർജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈകോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു.
ജനുവരിയിലാണ് ഹിജാബ് വിലക്ക് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹർജിയിൽ രണ്ടു ദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്‍റെ സിംഗിള്‍ ബെഞ്ചാണ് ഹർജി വിശാല ബെഞ്ചിലേക്ക് നിര്‍ദേശിച്ചത്.
Discussion about this post