ഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മാർച്ച് 19ന് ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉക്രെയ്ൻ വിഷയവും ചൈനീസ് അധിനിവേശ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയുമായി ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും.
തായ്വാനുമായി സഹകരിക്കുന്ന രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുന്നത് ഇരു രാജ്യങ്ങളും അപലപിച്ചിരുന്നു. ജാപ്പനീസ് കടലിൽ റഷ്യയുമായി ചേർന്ന് ചൈന വ്യോമാഭ്യാസങ്ങൾ നടത്തുന്നതിൽ ഇരു രാജ്യങ്ങളും ആശങ്ക അറിയിച്ചിരുന്നു. സുലു കടലിൽ ഫിലിപ്പീൻസിലേക്ക് യുദ്ധക്കപ്പൽ അയച്ച ചൈനയുടെ നടപടി മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും ഇരു നേതാക്കളും വിലയിരുത്തിയിരുന്നു.
മുംബൈ- അഹമ്മദാബാദ് ഇടനാഴിക്ക് അപ്പുറത്തേക്ക് ബുള്ളറ്റ് ട്രെയിൻ സർവീസ് വ്യാപിപ്പിക്കുന്ന കാര്യവും ഇന്ത്യയും ജപ്പാനും ഔദ്യോഗികമായി ചർച്ച ചെയ്യും. മെയ് മാസത്തിൽ നടക്കുന്ന ഓസ്ട്രേലിയൻ പൊതു തെരഞ്ഞെടുപ്പും ക്വാഡ് സഖ്യത്തിന്റെ ഭാവിയും ഉച്ചകോടിയിൽ ചർച്ചയാകും. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഭീകരവാദത്തിന്റെ വളർച്ചയും ചർച്ചക്ക് വിഷയമാകും.
Discussion about this post