തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏറിയാട് ചൈതന്യ നഗര്‍ കസ്തൂരി കോവിലിനു വടക്കുവശമുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. റിന്‍സിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് റിന്‍സിയെ റിയാസ് കൊലപ്പെടുത്തിയത്. വീടിന്റെ സമീപത്തുള്ള സ്കൂള്‍ ജംഗ്ഷനില്‍ നടത്തിവന്നിരുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം പൂട്ടി അഞ്ചും പത്തും വയസുള്ള മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്.
ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടര്‍ തടഞ്ഞു നിറുത്തി റിയാസ് വെട്ടുകയായിരുന്നു. റിന്‍സിക്ക് മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു. കുഞ്ഞുങ്ങളുടെ കരച്ചില്‍കേട്ട് അതു വഴി വന്ന മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ റിയാസ് ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ നേരത്ത റിന്‍സി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കിയെങ്കിലും റിയാസ് പക തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
റിന്‍സിയുടെ കടയില്‍ ജീവനക്കാരനായിരുന്നു റിയാസ്. ചിപ്പു എന്ന് വിളിപ്പേരുള്ള റിയാസ് റിന്‍സിയുടെ അയല്ക്കാരനുമായിരുന്നു. റിയാസ് കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ റിന്‍സി ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിന്‍സി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Discussion about this post