കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ഐ ടി യുവിന്റെയും എൻ ജി ഒ യൂണിയന്റെയും എൻ ജി ഒ അസോസിയേഷന്റെയും ഐ എൻ ടി യു സിയുടെയും നേതാക്കൾ ഇനി ഓഫീസ് തുറക്കാൻ വരുമ്പോൾ ചൂലെടുത്ത് അടിക്കാൻ നാട്ടുകാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അത്രയും വലിയ ദ്രോഹികളാണ് അവരെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
27ആം തീയതി ശമ്പള ബിൽ എഴുതി പോക്കറ്റിൽ വെച്ചിട്ട് 28, 29 തീയതികളിൽ പണിമുടക്കുന്നു. നീയൊക്കെ പണിമുടക്കുന്നുണ്ടെങ്കിൽ ശമ്പളം വാങ്ങാതെ പണിമുടക്കണം. ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും നികുതിപ്പണം കൊള്ളയടിച്ച് തിന്നിട്ടാണ് ഇവർ സമരം ചെയ്യുന്നത്. കെ സുരേന്ദ്രൻ പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടി ആസൂത്രണം ചെയ്ത സമരത്തിന് കോൺഗ്രസുകാർ കൂട്ട് നിൽക്കുന്നു. മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ തൊഴിലാളികൾക്ക് നിഷേധിക്കുകയാണ് കേരള സർക്കാർ. നരേന്ദ്ര മോദി സർക്കാർ നൽകുന്ന സൗജന്യ അരി വിതരണം ചെയ്യുന്നത് തടഞ്ഞാൽ അത് ഏത് കൊമ്പത്തെ ട്രേഡ് യൂണിയൻ നേതാവായാലും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കടകൾ തുറക്കാൻ ആഗ്രഹമുള്ള വ്യാപാരികൾക്കും വാഹനങ്ങൾ ഓടിക്കാൻ താത്പര്യമുള്ളവർക്കും ബിജെപി പ്രവർത്തകർ സഹായം നൽകും. അതിനെ നേരിടാൻ വരുന്നവരെ തിരിച്ചടിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post