ഡല്‍ഹി: പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ മുന്നറിയിപ്പിന് പിന്നാലെ, ഇന്ത്യയ്ക്ക് എന്ത് വേണമെങ്കിലും നല്‍കാമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഡോളര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ കറന്‍സികള്‍ ഒഴിവാക്കുമെന്നും പറഞ്ഞു.
ഉക്രെയിന് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിച്ചാല്‍ റഷ്യ അനുകൂലിക്കും. ഉക്രെയിന് യുദ്ധത്തില്‍ ഏകപക്ഷീയ നിലപാട് എടുക്കാത്ത ഇന്ത്യയുടെ വിദേശനയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാവ്റോവ്. പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യ പ്രധാനപ്പെട്ട രാജ്യമാണ്. ഉക്രെയിന്റെയും റഷ്യയുടെയും പൊതു പങ്കാളിയാണ്. ഇന്ത്യയുടെ മദ്ധ്യസ്ഥത ഒരു പരിഹാരമുണ്ടാക്കുമെങ്കില്‍ ഞങ്ങളത് സ്വാഗതം ചെയ്യും. ഉക്രെയിന്റെ സുരക്ഷയാണ് ഉറപ്പാക്കേണ്ടത്. പാശ്ചാത്യരാജ്യങ്ങള്‍ ആ ഉത്തരവാദിത്വം പാലിച്ചില്ല. ഇന്ത്യയ്ക്ക് അതിന് കഴിയും – ലാവ്റോവ് പറഞ്ഞു.
ലാവ്റോവിന് മുമ്പ് ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ പരാമര്‍ശിച്ച്, അമേരിക്കന്‍ ഉപരോധം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രത്യാഘാതം നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എണ്ണയ്ക്ക് പുറമേ പ്രതിരോധ സാമഗ്രികളും റഷ്യ ഇന്ത്യയ്ക്ക് വില്‍ക്കും. സൈനിക സഹകരണവും ശക്തമാക്കും. ഇതിനെല്ലാം റൂബിളും രൂപയുമാവും ഉപയോഗിക്കുക. ഡോളറും യൂറോയും മറ്റ് കറന്‍സികളും ഒഴിവാക്കും. ഇന്ത്യയ്ക്ക് ബാരലിന് 35 ഡോളര്‍ എന്ന കുറഞ്ഞ നിരക്കിലാണ് റഷ്യ എണ്ണ നല്‍കുന്നത്. ഇനിയും കുറയ്ക്കാം. തുടക്കത്തില്‍ ഒന്നരക്കോടി ബാരല്‍ എണ്ണയാണ് നല്‍കുന്നത്. നാലായിരം കോടി രൂപയുടെ ഇടപാട് നടത്തും. യുദ്ധം തുടങ്ങിയ ശേഷം റഷ്യയില്‍ നിന്ന് ലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഇന്ത്യ വാങ്ങിക്കഴിഞ്ഞു
അതേസമയം രണ്ടാഴ്ചയായി ഇന്ത്യയില്‍ വന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ഉള്‍പ്പെടെയുള്ള വിദേശ പ്രതിനിധികളെ ആരെയും കാണാതിരുന്ന മോദി ലാവ്റോവിനെ കണ്ടത് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ സന്ദേശം ലാവ്റോവ് കൈമാറി. കൂടിക്കാഴ്ച നാല്പത് മിനിറ്റ് നീണ്ടു. യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. യുക്രെയിനിലെ സമാധാനചര്‍ച്ചകള്‍ ലാവ്റോവ് ധരിപ്പിച്ചു.
Discussion about this post