ഡൽഹി: ഝാർഖണ്ഡിൽ ഭരണ മുന്നണിയിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സഖ്യസർക്കാരിൽ അവഗണിക്കപ്പെടുന്നു എന്നതാണ് കോൺഗ്രസിന്റെ പരാതി. എന്നാൽ ജെ എം എം ഇല്ലാതെ സർക്കാർ മുന്നോട്ട് പോകില്ല എന്നത് ഓർക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ മറുപക്ഷത്തിന് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ജെ എം എമ്മിന് ഒറ്റയ്ക്ക് സർക്കാരിനെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന് അവരാണ് ഓർക്കേണ്ടതെന്ന് ഝാർഖണ്ഡിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അവിനാശ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ചില ജെ എം എം നേതാക്കൾ മനപ്പൂർവ്വം കോൺഗ്രസിനെ അവഹേളിക്കുകയാണ്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഝാർഖണ്ഡിൽ സാഹചര്യം കൈവിട്ട് പോകുമെന്ന ആശങ്കയ്ക്കിടെ സംസ്ഥാന ചുമതലയുള്ള നേതാക്കളെ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. 81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ ഭരണ മുന്നണിയിൽ കോൺഗ്രസിനും ജെ എം എമിനും ആർജെഡിക്കുമായി 47 എം എൽ എമാരാണ് ഉള്ളത്. ഇതിൽ 30 എം എൽ എമാർ ജെ എം എമ്മിനാണ് ഉള്ളത്. കോൺഗ്രസിന് 18ഉം ആർജെഡിക്ക് ഒരു അംഗവുമാണ് ഉള്ളത്. സഖ്യസർക്കാരിൽ കോൺഗ്രസിന് നാല് മന്ത്രിമാർ ഉണ്ട്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ ജെ എം എം നേതാവാണ്.
2024ലാണ് ഝാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Discussion about this post