ഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ ഉക്രെയ്ൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരാൻ സൗകര്യമേർപ്പെടുത്തുന്നതുസംബന്ധിച്ച് ഹംഗറി പിന്തുണ വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി വരുകയാണ്. ഉക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ഹ്രസ്വചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉക്രെയ്നിലെ നാലാംവർഷ മെഡിസിൻ ക്ലാസുകളിലേക്ക് കയറ്റം ലഭിക്കുന്നതിന് മൂന്നാംവർഷ വിദ്യാർഥികൾ പാസാകേണ്ട ക്രാക്ക്-വൺ പരീക്ഷ അടുത്ത അധ്യയനവർഷത്തേക്ക് മാറ്റിയിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ വിദ്യാർഥികൾ പൂർത്തിയാക്കുന്നതിനനുസരിച്ചാകും ഈ കയറ്റം നൽകുക.
ഉക്രെയ്നിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാർഥികളുടെ തിരിച്ചടവുസംബന്ധിച്ച വിഷയവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 1319 വിദ്യാർഥികളാണ് വിദ്യാഭ്യാസവായ്പയെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി ചർച്ച നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ഇക്കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര മന്ത്രിമാർ അറിയിച്ചു.
Discussion about this post