കണ്ണൂർ: സിപിഎം നേതാവ് എം സി ജോസഫൈൻ അന്തരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമാണ്. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ ജോസഫൈൻ വലിയ വിവാദങ്ങളിൽ ചെന്ന് പെട്ടിരുന്നു. അച്യുതാനന്ദൻ വിഭാഗത്തിൽ ഉറച്ചു നിന്ന നേതാവായിരുന്നു ജോസഫൈൻ.
1948 ആഗസ്‌ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായിട്ടായിരുന്നു ജോസഫൈന്റെ ജനനം. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് സംസ്ഥാന പ്രസിഡന്‍റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി നഗരസഭ മുൻ കൗൺസിലർ ആയിരുന്നു. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.












