കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. മാടക്കടയിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോൾ കുഴിയിലേക്ക് വീഴുകയായിരുന്നു.
പ്രമീളയുടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞു. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തയ്യൽക്കാരിയായ പ്രമീള ജോലിക്ക് പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ്.
പരാതി നൽകിയിട്ടും കൊച്ചി കോർപ്പറേഷൻ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പ്രമീള പറയുന്നു. വെള്ളക്കുഴി കാണാവുന്ന വിധത്തിലായിരുന്നില്ല. ഈ ഭാഗത്ത് ഇത്തരം അപകടങ്ങൾ സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു.
പ്രമീള വീണ കുഴി താൽക്കാലികമായി കല്ല് വെച്ച് അടച്ചിരിക്കുകയാണ് അടുത്തുള്ള പെട്ടിക്കടക്കാരൻ. ഈ റോഡിൽ ഓടയിലേക്ക് വെളളം പോകാനായി ഇത്തരത്തിൽ വേറേയും കുഴികളുണ്ട്. കൊച്ചിയിലെ വെളളക്കെട്ടിനെതിരെ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
പ്രശ്‍നം പരിഹരിക്കാൻ നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. കോടികൾ മുടക്കി ഓപ്പറേഷൻ ബ്രേക് ത്രൂ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം നഗരം വീണ്ടും വെളളക്കെട്ടിൽ മുങ്ങിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.
അതേസമയം സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. നഗരവികസനത്തിൽ നമ്പർ വൺ കേരള മാതൃക എന്ന തരത്തിലാണ് ട്രോളുകൾ നിറയുന്നത്.
Discussion about this post