ഡൽഹി: ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആത്മീയ ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ സംസാരിച്ച് തുടങ്ങിയാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ശിവഗിരിയിലെ സന്ന്യാസിമാർ കുടുങ്ങിയപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്നോട് സഹായം തേടിയത് പ്രധാനമന്ത്രി അനുസ്മരിച്ചു. ഏറെക്കാലമായി മഠവുമായി അടുത്ത ബന്ധമുണ്ട്. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ജാതിവ്യവസ്ഥയിലെ തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടാൻ സഹായിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്‍റെ പ്രതിഷ്ഠാ സ്ഥാനങ്ങളാണ്. ആധുനികതയ്ക്കായി ഗുരു വാദിച്ചപ്പോഴും ഭാരതീയ സംസ്ക്കാരത്തെയും ആദ്ധ്യാത്മിക മൂല്യങ്ങളെയും ശക്തിപ്പെടുത്തി. ഗുരുവിന്‍റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ ദക്ഷിണകാശിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
നവതി ആഘോഷങ്ങളുടെ ലോഗോ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി ഋതംഭരാനന്ദ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഡൽഹിയിലെ വസതിയിൽ ഇരുന്നാണ് ശിവഗിരി തീർത്ഥാടനത്തിൻറെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
Discussion about this post