തഞ്ചാവൂർ: തഞ്ചാവൂരിൽ രഥോത്സവ ഘോഷയാത്രയ്ക്കിടെ തേര് വൈദ്യുതി കമ്പിയിൽ തട്ടി 11 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. തഞ്ചാവൂരിലെ കാളിമേട്ടിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. പുലർച്ചെ 3.00 മണിയോടെയായിരുന്നു ദുരന്തം. രഥം പോകുന്ന വഴിയിൽ തടസ്സങ്ങൾ ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് ഗതിമാറ്റിയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വലിയ തോതിൽ വൈദ്യുതാഘാതമേറ്റ ആളുകൾ നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞ് വീണു. പത്ത് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തിൽ രഥം പൂർണമായും നശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. അട്ടിമറിയുടെ സാദ്ധ്യതകളെ കുറിച്ച് ഇപ്പോൾ ഒന്നും പറയനാകില്ലെന്ന് ഉത്സവ ഭാരവാഹികൾ അറിയിച്ചു.
Discussion about this post