ഡൽഹി: ഡൽഹിയിലെ ഷഹീൻ ബാഗ് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ 400 കോടി രൂപ വില വരുന്ന മയക്കുമരുന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തു വിട്ടത്.
കേസിൽ പിടിയിലായ പ്രതികൾക്ക് താലിബാൻ ബന്ധമുള്ളതായി സംശയിക്കപ്പെടുന്നു. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരൻ നിലവിൽ ദുബായിലാണ് എന്നാണ് നിഗമനം. കേസിൽ അറസ്റ്റിലായ നാല് പേരിൽ രണ്ട് പേർ അഫ്ഗാനിസ്ഥാൻ സ്വദേശികളാണ്. കേസ് നാർക്കോ ഭീകരതയുടെ പരിധിയിൽ വരുമോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
50 കിലോ ഹെറോയിനും 47 കിലോയോളം വരുന്ന മറ്റ് മയക്കുമരുന്നുകളുമാണ് റെയ്ഡിൽ എൻസിബി പിടികൂടിയത്. താലിബാനുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ സ്വാധീനം ഇന്ത്യയിലും വർദ്ധിച്ചു വരുന്നതിന്റെ സൂചനയായാണ് ഈ സംഭവം എൻസിബി കാണുന്നത്.
രഹസ്യ വിവരത്തെ തുടർന്നാണ് ഷഹീൻ ബാഗിൽ എൻസിബി പരിശോധന നടത്തിയത്. മുപ്പത് ലക്ഷം രൂപയും നോട്ട് എണ്ണാൻ ഉപയോഗിക്കുന്ന യന്ത്രവും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.
കാബൂളിൽ നിന്നുമാണ് മയക്കുമരുന്ന് ഡൽഹിയിൽ എത്തിയത് എന്ന് എൻസിബി വ്യക്തമാക്കുന്നു. ഡൽഹിയിലെ ജാമിയ നഗറിൽ വാടക വീട്ടിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. കേസിൽ വിവിധ ഏജൻസികളുമായി ചേർന്ന് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ.
Discussion about this post