രാജ്യത്തെ യുവാക്കള്‍ക്ക് ഡ്രോണ്‍ പൈലറ്റ് ഒരു മികച്ച കരിയറായി തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നീതി ആയോഗിന്റെ എക്സ്പീരിയന്‍സ് സ്റ്റുഡിയോ ഓണ്‍ ഡ്രോണ്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രോണ്‍ സേവനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിവിധ അനുബന്ധ തൊഴില്‍ ഓപ്ഷനുകളെക്കുറിച്ചും പരിപാടിയില്‍ സിന്ധ്യ ഊന്നിപ്പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാരെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റായി പരിശീലനം നേടാമെന്നും അതിനായി കോളേജ് ബിരുദം ആവശ്യമില്ലെന്നും സിന്ധ്യ പറഞ്ഞു. കൂടാതെ, ഏകദേശം 3 മാസത്തെ പരിശീലനം നേടി ഒരാള്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്ബളത്തില്‍ ഡ്രോണ്‍ പൈലറ്റായി ജോലി ആരംഭിക്കാമെന്നും സിന്ധ്യ പറഞ്ഞു. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്ര ഡ്രോണ്‍ ഹബ്ബാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 12 മന്ത്രാലയങ്ങള്‍ ഡ്രോണ്‍ സേവനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിന്ധ്യ പരിപാടിയില്‍ പരാമര്‍ശിച്ചു. മാത്രമല്ല, മൂന്ന് ഘട്ടങ്ങളിലായാണ് ഡ്രോണ്‍ മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നയങ്ങള്‍ നടപ്പിലാക്കുകയാണ് ആദ്യമായി ചെയ്യുന്നത്. പദ്ധതിയുടെ ഉത്തേജനത്തിനായി പ്രോത്സാഹനങ്ങള്‍ നല്‍കുകയാണ് രണ്ടാമത്തെ ഘട്ടം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പിഎല്‍ഐ (പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതി ഡ്രോണ്‍ മേഖലയിലെ നിര്‍മ്മാണത്തിനും സേവനങ്ങള്‍ക്കും ഉത്തേജനം നല്‍കുമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. തദ്ദേശീയമായി ഡ്രോണ്‍ പൈലറ്റുമാരുടെ ആവശ്യം സൃഷ്ടിക്കുന്നതാണ് മൂന്നാമത്തെ ഘട്ടം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 ന് മന്ത്രാലയം പുറത്തിറക്കിയ ലിബറലൈസ്ഡ് ഡ്രോണ്‍ റൂള്‍സ് 2021-ന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചത്. 12 സംസ്ഥാനങ്ങളിലായി 15-20 ഡ്രോണ്‍ സ്കൂളുകള്‍ ഇതുവരെ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post