നേമം: കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ജഗതി സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ചെമ്പഴന്തി സ്വദേശിയുമായ സി. ശ്രീകുമാരനാണ് പിടിയിലായത്.
തൈക്കാട് സ്വദേശിയായ ഒരാള്‍ ജഗതിയില്‍ നടത്താന്‍ പോകുന്ന പഴം-പച്ചക്കറി കടക്കുവേണ്ടി ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. ലൈസന്‍സ് ലഭിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെ ഇയാള്‍ വ്യാപാരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ശ്രീകുമാരന്‍ കടയില്‍ പരിശോധന നടത്തുകയും അപേക്ഷ ലഭിച്ചതായി കണ്ടില്ലെന്ന് അറിയിക്കുകയും മൊത്തം 3000 രൂപ നഗരസഭയില്‍ അടയ്ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസിലെത്തിയ പരാതിക്കാരന് 2000 രൂപ ഇയാള്‍ക്ക് നല്‍കാമെന്ന് ഏറ്റു. പണം നല്‍കുന്നതിനിടെ വിജിലന്‍സ് സംഘം പരാതിക്കാരന് നല്കിയ പരാതി പ്രകാരം ശ്രീകുമാറിനെ പിടികൂടുകയുമായിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍നിന്ന് രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ കണ്ടെത്തി. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Discussion about this post