ഇത് തനിക്ക് പുനർജൻമമെന്ന് ക്യാൻസറിൽ നിന്ന് മുക്തി നേടിയ ജാസ്മിൻ ഡേവിഡ്. മാസങ്ങൾ മാത്രമെ താൻ ജീവിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ വിധി എഴുതിയതാണ്. എന്നാൽ യുകെയിൽ നടത്തിയ മരുന്ന് പരീക്ഷണത്തിന് ശേഷം താൻ ക്യാൻസർ വിമുക്തയായെന്ന് കോട്ടയം സ്വദേശിനിയായ യുകെ മലയാളി ജാസ്മിൻ ഡേവിഡ് സന്തോഷം പങ്കുവെയ്ക്കുന്നു.
യു കെ നാഷണൽ ഹെൽത്ത് സർവീസിൻ്റെ (എൻഎച്ച്എസ്) മാഞ്ചസ്റ്റർ ക്രിസ്റ്റി ആശുപത്രിയിൽ നടന്ന ചികിത്സാ പരീക്ഷണം വിജയിച്ചതിന് ശേഷം, ജാസ്മിൻ ഡേവിഡ് (51) സെപ്റ്റംബറിലെ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിനായി കാത്തിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഫാലോഫീൽഡിൽ ആണ് ജാസ്മിൻ ഡേവിഡ് കുടുംബസമേതം താമസിക്കുന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ജാസ്മിൻ ഡേവിഡിന് സ്തനാർബുദം സ്തിരീകരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ രോഗം ചിക്തിസിച്ച് ഭേദമായി. രോഗത്തെ കുറിച്ച് പൂർണ്ണമായും മറന്നു ജീവിക്കുമ്പോൾ ആണ് വീണ്ടും അർബുദം തിരിച്ചെത്തുന്നതെന്ന് ജാസ്മിൻ ഓർമ്മിക്കുന്നു. 2017 നവംബറിൽ മുലക്കണ്ണിന് മുകളിൽ ഒരു മുഴ കാണുകയും പിന്നീട് സ്തനാർബുദത്തിന്റെ ട്രിപ്പിൾ നെഗറ്റീവ് രൂപമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2018 ഏപ്രിലിൽ സ്തനങ്ങൾ ശസ്ത്രക്രിയ ചെയ്ത് എടുത്തു കളഞ്ഞ ശേഷം ആറ് മാസത്തെ കീമോതെറാപ്പി, 15 സൈക്കിൾ റേഡിയേഷൻ തെറാപ്പി എന്നിവയ്ക്കും ജാസ്മിൻ വിധേയയായി. ഇതോടെ ക്യാൻസർ പൂർണ്ണമായും ഭേദമായി എന്ന് കരുതിയിരിക്കെയാണ് 2019 ഒക്ടോബറിൽ ശ്വാസകോശത്തിലേക്കും , ലസികാ ഗ്രന്ഥികളിലേക്കും ( lymph nodes) നെഞ്ചിലെ എല്ലിലേക്കും അർബുദം പടർന്നതായി കണ്ടെത്തിയത്.
മറ്റ് അവയവങ്ങളിലേക്ക് കാൻസർ പടർന്നതോടെ ജീവിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമേ ആയുസ്സുള്ളൂ എന്നും ഡോക്ടർമാർ വിധി എഴുതി. ഇനി മറ്റ് മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവിൽ ജീവിതാവസാനം കാത്തിരിക്കുമ്പോഴാണ് മാഞ്ചസ്റ്റർ ക്രിസ്റ്റി ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്ന ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്ത് ഗവേഷണത്തിന്റെ ഭാഗമാകാൻ താൽപ്പര്യമുണ്ടോ എന്ന് തന്നെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന വൈദ്യ വിദഗ്ധർ ചോദിച്ചത്.
“പരീക്ഷണം എന്നിൽ വിജയിക്കുമേോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ മറ്റുള്ളവരെ സഹായിക്കാനും എന്റെ ശരീരം അടുത്ത തലമുറയ്‌ക്കായി ഉപയോഗിക്കാനും തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ ആലോചിച്ചു. അങ്ങനെ പരീക്ഷണത്തിൻറെ ഭാഗമാകാനും തീരുമാനിച്ചു ” ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ആശുപത്രിയിലാണ് ജാസ്മിൻ ഡേവിഡിൽ മരുന്ന് പരീക്ഷണം നടത്തിയത്. ക്രിസ്റ്റി ഹോസ്പിറ്റലിൽ അറ്റെ സോളിസുമാബ് (Atezolizumab) എന്ന മോണോക്ലോണൽ ആൻ്റിബോഡി മരുന്നിനൊപ്പം പരീക്ഷണത്തിലിരിക്കുന്ന മറ്റൊരു മരുന്നും ഡോക്ടർമാർ ജാസ്മിൻ ഡേവിഡിൽ പ്രയോഗിച്ചു. ഓരോ മൂന്നാഴ്ച കൂടുമ്പോഴും ജാസ്മിൻ മരുന്നു സ്വീകരിച്ചുകൊണ്ടിരുന്നു.
പരീക്ഷണത്തിൻറെ ആദ്യ ഘട്ടത്തിൽ തലവേദനയും കടുത്ത പനിയും ഉൾപ്പെടെ ഭയാനകമായ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നതായി ജാസ്മിൻ പറഞ്ഞു. കഴിഞ്ഞ ക്രിസ്തുമസ് കാലത്തു പോലും ആശുപത്രിയിലായിരുന്നു. ആരോഗ്യാവസ്ഥ മോശമാകാൻ തുടങ്ങിയപ്പോഴും ചികിത്സയോട് നന്ദിയോടെ പ്രതികരിക്കാൻ ഞാൻ തീരുമാനിച്ചെന്നും ജാസ്മിൻ പറയുന്നു.
കൊടിയ പാർശ്വഫലങ്ങളുടെ പരീക്ഷണ കാലത്തിന് ശേഷമാണ് ആ വലിയ വാർത്ത ജാസ്മിനെ തേടിയെത്തിയത്. തൻ്റെ ശരീരം മുഴുവൻ വ്യാപിച്ചിരുന്ന സ്തനാർബുദം പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് അവർ ആരോഗ്യവതിയാണ്. ഇപ്പോൾ ജാസ്മിനിൽ സ്തനാർബുദത്തിന്റെ തെളിവുകളൊന്നും കാണിക്കുന്നില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഈ സന്തോഷ വാർത്ത ആഘോഷിക്കുയാണ് ജാസ്മിനും കുടുംബവും.
“ഭാവി എന്തായിരിക്കുമെന്ന് അറിയാതെയിരിക്കുമ്പോഴും ചികിത്സയ്ക്കിടയിൽ 2020 ഫെബ്രുവരിയിൽ ഞാൻ എന്റെ 50-ാം ജന്മദിനം ആഘോഷിച്ചു. രണ്ടര വർഷം മുമ്പ് ഇത് അവസാനത്തെ പിറന്നാൾ ആഘോഷമായിരിക്കും എന്ന് ഞാൻ കരുതി. ഇപ്പോൾ ഇതെൻ്റെ പുനർജൻമമാണ്”, ജാസ്മിൻ ഡോവിഡ് പറയുന്നു. രോഗമെല്ലാം ഭേദമായി ഇക്കഴിഞ്ഞ ഏപ്രിലിൽ കുടുംബത്തെ കാണാൻ ജാസ്മിൻ ഇന്ത്യയിലെത്തുകയും ചെയ്തു. കേരളത്തിലെ കോട്ടയം സ്വദേശിനിയാണ് ജാസ്മിൻ ഡേവിഡ് എന്ന ഈ അമ്പത്തി ഒന്നുകാരി. നേരത്തെ റിട്ടയർമെന്റ് എടുക്കാനും വിശ്രമജീവിതം നയിക്കാനുമാണ് ജാസ്മിൻറെ തീരുമാനം. സെപ്റ്റംബറിൽ എൻറെ 25-ാം വിവാഹ വാർഷികം ആഘോഷിക്കും. എനിക്കിപ്പോൾ ജീവിതത്തിൽ ഒരുപാട് പ്രതീക്ഷയുണ്ട്” ജാസ്മിൻ വ്യക്തമാക്കുന്നു.
“കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകളും പിന്തുണയും അർബുദമെന്ന വെല്ലുവിളിയെ നേരിടാൻ എനിക്ക് ശക്തി നൽകി”, അവർ കൂട്ടിച്ചേർത്തു. 2021 ജൂണിൽ, ശരീരത്തിൽ ക്യാൻസർ കോശങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ 2023 ഡിസംബർ വരെ ചികിത്സയിൽ തുടരും.പക്ഷേ രോഗത്തിന്റെ തെളിവുകളൊന്നും കാണിക്കുന്നില്ല എന്നത് ഏറെ ശുഭകരമായി തോന്നുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
ജാസ്മിന് ഇത്രയും നല്ല ഫലം ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ക്രിസ്റ്റി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. “പുതിയ മരുന്നുകളും ചികിത്സകളും കൂടുതൽ ആളുകൾക്ക് പ്രയോജനം ചെയ്യുമോ എന്നറിയാൻ ഞങ്ങൾ തുടർച്ചയായി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ” ക്രിസ്റ്റിയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും മാഞ്ചസ്റ്റർ സിആർഎഫിന്റെ ക്ലിനിക്കൽ ഡയറക്ടറുമായ പ്രൊഫസർ ഫിയോണ തിസ്‌ലെത്ത്‌വെയ്റ്റ് പറഞ്ഞു.
Discussion about this post